തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ മാസങ്ങൾക്ക് മുമ്പ് പുനര്‍നിർമിച്ച നീന്തൽക്കുളം ഉപയോഗശൂന്യമാകുമ്പോഴും അധികൃതർ മൗനം പാലിക്കുന്നതായി പരാതി. നഗരസഭയുടെ ഏഴാം വാർഡായ നലയിൽ കുന്നിലെ നീന്തൽകുളമാണ് നശിച്ച് ഉപയോഗശൂന്യമായി തീർന്നിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ നിരവധി തവണ ഈ നീന്തൽക്കുളം നവീകരിക്കാൻ ലക്ഷങ്ങളാണ് നഗരസഭ മുടക്കിയത്. അവസാനമായി ഏതാനും മാസങ്ങൾക്ക് മുമ്പും നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഇപ്പോഴും ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുളം.
അശാസ്ത്രീയമായ നിർമാണം കാരണം കുളത്തിൽ വെള്ളം നിൽക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. വശങ്ങളിലെ ഭിത്തികൾ പലതും ഇടിഞ്ഞ് നശിച്ചിട്ടുമുണ്ട്. ഇവയെല്ലാം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനങ്ങാപ്പാറ നയമാണ് തുടരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളിക്കാനെത്തുന്നവര്‍ക്ക് വസ്‌ത്രം മാറുന്നതിനായുള്ള കെട്ടിടം നിർമിക്കാൻ വേണ്ടി ഇറക്കിയ കമ്പിയും സിമന്‍റും ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങൾ അപ്രത്യക്ഷമായിട്ടും മാസങ്ങൾ പിന്നിടുന്നു. വേനൽക്കാലത്ത് ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ കുളത്തെ എത്രയും പെട്ടെന്ന് ശാസ്ത്രീയമായി തന്നെ നവീകരിച്ച് പൊതുജന ഉപകാരപ്രദമാക്കി നൽകിയില്ലെങ്കിൽ നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധ പരിപാടികൾ നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.