തിരുവനന്തപുരം: കൊവിഡ് 19 നേരിടാന്‍ രാജ്യം പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. ലോക്ക് ഡൗണിന്‍റെ കാലാവധി മെയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. അടച്ചു പൂട്ടലിന്‍റെ തുടര്‍ നടപടി ഇന്നത്തെ യോഗത്തിലുണ്ടാകും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശം കേന്ദ്രത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ മെയ് 7 വരെ നീട്ടാന്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര തീരുമാനം എന്തായാലും നടപ്പിലാക്കുമെന്ന നിലപാടിലാണ് കേരളം. ചില സംസ്ഥാനങ്ങളും ഇതേ നിലപാടില്‍ തന്നെയാണ്. കഴിഞ്ഞ തവണത്തെ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ അവസരം ലഭിക്കാത്ത ഒമ്പത് സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് അവസരം ലഭിക്കുക.
തീവ്രബാധിത മേഖലകളിലൊഴികെ ലോക്ക് ഡൗണില്‍ ഭാഗിക ഇളവെന്ന നിര്‍ദേശം കേന്ദ്രം ആലോചിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യവും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വയ്ക്കുന്നു. പ്രവാസികളുടെ കാര്യത്തിലുള്ള കേന്ദ്ര തീരുമാനത്തിനാണ് കേരളം കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി പോയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ട്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നോര്‍ക്കയില്‍ ആരംഭിച്ചിട്ടുണ്ട്.