തിരുവനന്തപുരം: നിയമസഭയെ പ്രക്ഷുബ്‌ദമാക്കി താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്‌തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എത്ര കൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊലപാതകം നടക്കുന്നതിന് മുന്‍പ് സി.പി.എം നേതാവ് പി. ജയരാജന്‍ താനൂര്‍ സന്ദര്‍ശിച്ചതില്‍ സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്, ജയരാജന്‍ മരണത്തിന്‍റ ദൂതനാണോയെന്നും ചെന്നിത്തല ചോദിച്ചു.
കുറ്റവാളികളായ സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുെട പ്രസ്‌താവന ആത്മാര്‍ഥതയില്ലാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പള്ളികളിൽ അധികാരം പിടിക്കാനുള്ള ലീഗിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന താനൂർ എം.എൽ.എ വി. അബ്‌ദുല്‍ റഹ്‌മാന്‍റെ പരാമർശം ഭരണ പ്രതിപക്ഷ തർക്കത്തിന് വഴിവെച്ചു. സഹോദരനെ അക്രമിച്ചതിന്‍റെ പ്രതികാരം മൂലമാണ് ഇസ്ഹാക്കിനെ പ്രതികൾ അക്രമിച്ചതെന്നും, സമാധാന സംഭാഷണങ്ങൾക്ക് ശേഷവും അക്രമം നടക്കുന്നത് തടയാൻ രാഷ്‌ട്രീയ പാർട്ടികൾ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ ആരായാലും സർക്കാരും പൊലീസും സംരക്ഷിക്കില്ല, സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാൽ ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം വിഷയത്തില്‍ അടിയന്തരപ്രമയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം സ്‌പീക്കര്‍ തടഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയത്.