തിരുവനന്തപുരം : രണ്ട് രൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവനക്കെതിരെ കെഎസ്‌യു. മന്ത്രിയുടെ പ്രസ്‌താവന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് പറഞ്ഞു. വിദ്യാർഥി കൺസഷൻ ഔദാര്യമല്ല, മറിച്ച് അവകാശമാണ്. അത് നേടിയെടുത്തത് കെഎസ്‌യുവാണ്.
പ്രസ്‌താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണം. വിദ്യാര്‍ഥി സമൂഹത്തേയും പൊതുസമൂഹത്തേയും മന്ത്രി വെല്ലുവിളിക്കുകയാണെങ്കില്‍ അത്തരം നടപടികളെ കെഎസ്‌യു പ്രതിരോധിക്കുമെന്നും അഭിജിത്ത് ഫേസ്‌ബുക്കില്‍ കുറിച്ചു.
വിദ്യാർഥികളുടെ കൺസെഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി എസ്‌എഫ്ഐയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്‌എഫ്‌ഐ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൺസെഷൻ 2 രൂപയിൽ നിന്നും 5 രൂപ വരെയാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു. 5 രൂപ നൽകി ബാക്കി വാങ്ങാൻ കുട്ടികൾക്ക് മടിയാണെന്നും കണ്‍സെഷന്‍ ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നുമായിരുന്നു പ്രതികരണം.
കെ എം അഭിജിത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
വിദ്യാർഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവന വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്. പ്രസ്‌താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണം. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്‍റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർഥി സമൂഹത്തെയും, പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും.
'വിദ്യാർഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർഥികളുടെ അവകാശമാണ് ,അത് നേടിയെടുത്തത് കെ.എസ്.യുവാണ്'
Also read: ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി