തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മെയ് അവസാനം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര മാർഗനിർദേശം വന്ന ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
എന്നാൽ വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കണമെന്ന കേന്ദ്ര നിർദേശം കണക്കിലെടുത്താണ് പരീക്ഷ മാറ്റാമെന്ന നിലപാടില്‍ സര്‍ക്കാരെത്തിയത്. ജൂൺ ഒന്നിന് ഇത് സംബന്ധിച്ച് കേന്ദ്ര മാർഗനിർദേശം പുറത്തുവരും. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാം എന്നാണെങ്കിൽ ജൂൺ ആദ്യവാരം തന്നെ പരീക്ഷ നടത്താമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. സർവകലശാല പരീക്ഷകളും ഇതിനനുസരിച്ചാണ് ക്രമീകരിക്കുക. നേരത്തേ സർവകലാശാലകളുടെ പരീക്ഷ തീയതി തീരുമാനിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.
പരീക്ഷ തീയതി നിശ്ചയിച്ചതിൽ രക്ഷിതാക്കളും പ്രതിപക്ഷവും സർക്കാറിനെ ആശങ്കയറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പരീക്ഷ നടത്തിപ്പിൽ ഉള്ളതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിലും പരീക്ഷ നടത്തുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.