തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സമ്പ്രദായം വഴി മാത്രമായിരിക്കും ഭക്തർക്ക് പ്രവേശനമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ വി.രതീശൻ അറിയിച്ചു. ഒമ്പതാം തീയതി തുറക്കുന്ന ക്ഷേത്രത്തില്‍ ഒരു ദിവസം 800 പേർക്ക് മാത്രമാണ് പ്രവേശനം. പുലർച്ചെയുള്ള ക്ഷേത്ര ചടങ്ങുകൾക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. രാവിലെ 8.15 മുതൽ 11.15 വരെയും വൈകിട്ട് നാലര മുതൽ 6.30 വരെയുമാണ് പ്രവേശനം.
വടക്കേ നടയിലൂടെ ഭക്തരെ കടത്തിവിടും. ഒരു സമയം അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന കാര്യം അന്യ സംസ്ഥാനത്തു നിന്നുള്ള ഭക്തർ മനസിലാക്കണമെന്നും നിയന്ത്രണം തീരുംവരെ ഭക്തർ തിരക്കുകൂട്ടരുതെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ അഭ്യർത്ഥിച്ചു. www.sreepadmanabhaswamytemple.org എന്ന വെബ് സൈറ്റിലാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്.