തിരുവനന്തപുരം: കൊവിഡ് രോഗനിർണയത്തിന് ആർ.എൻ.എ എക്‌സ്‌ട്രാക്ഷന്‍ കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. 'ചിത്ര മാഗ്ന' എന്ന് പേര് നൽകിയ കിറ്റ് രോഗനിർണയത്തിൽ നിർണായകമായ ആർ.എൻ.എ വേർതിരിക്കലിന് മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ രോഗനിർണയത്തിൽ കൂടുതൽ കൃത്യതയും വേഗതയുമാണ് പ്രതീക്ഷിക്കുന്നത്.
രോഗിയുടെ സ്രവത്തിൽ നിന്ന് സാധാരണ കിറ്റുകളെ അപേക്ഷിച്ച് ഏഴിരട്ടി വരെ ആർ.എൻ.എ വേർതിരിച്ച് ശേഖരിക്കാൻ കഴിയുമെന്നതാണ് മാഗ്നറ്റിക് ബീഡ് രീതിയുടെ പ്രത്യേകത. ശേഖരിച്ച സ്രവം സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടു പോകുമ്പോഴും ചില വൈറസുകളുടെ ആർ.എന്‍.എ വിഘടിച്ചു പോകാറുണ്ട്. ഈ ആർ.എൻ.എയും പിടിച്ചെടുക്കാൻ മാഗ്നറ്റിക് ബീഡ് രീതിയിലൂടെ സാധിക്കും.
രോഗിയുടെ മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ശേഖരിക്കുന്ന സ്രവത്തിൽ കൊവിഡിന് കാരണമായ സാർസ് - കോവ് - 2ന്‍റെ ആർ.എൻ.എ ഉണ്ടോയെന്ന് കണ്ടെത്തുക രോഗം സ്ഥിരീകരിക്കുന്നതിൽ നിർണായകമാണ്. സ്രവത്തിൽ നിന്ന് ആർ.എൻ.എ വേർതിരിച്ച് ഡി.എൻ.എയാക്കി മാറ്റി പി.സി.ആർ അല്ലെങ്കിൽ ലാംപ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആംപ്ലിഫൈ ചെയ്‌ത് പ്രത്യേക ഡി.എൻ.എ ഭാഗം നിശ്ചിത അളവിൽ ഉണ്ടോ എന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുക. ആവശ്യമായ അളവിൽ ഡി.എൻ.എയുടെ ലഭ്യത ഉറപ്പുവരുത്താൻ ചിത്ര മാഗ്നക്ക് സാധിക്കും.
ഡോ. അനൂപ് തെക്കുവീട്ടിലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് 'ചിത്ര മാഗ്ന' വികസിപ്പിച്ചത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണത്തിന് ഐ.സി.എം.ആർ അനുമതിക്കും ഡി.സി.ജി.ഐ ലൈസൻസിനായി കാത്തിരിക്കുകയാണ്.