തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് താഴു വീണു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് 2002ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് അടച്ചിട്ട ശേഷം ആദ്യമായാണ് സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി വയ്ക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അവരുടെ ഓഫിസുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ഔദ്യോഗിക വസതികളിലേക്ക് മാറ്റുന്നതും ഇതാദ്യം.
കൊവിഡ് 19 തലസ്ഥാന നഗരത്തില്‍ പിടിമുറുക്കുകയാണ്. ഏതു നിമിഷവും സമൂഹ വ്യാപനത്തിലേക്ക് തലസ്ഥാനം വഴുതി വീണേക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും. ഇതു കണക്കിലെടുത്താണ് ഒരാഴ്ച തലസ്ഥാന നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റിനൊപ്പം നഗരത്തിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ഓഫിസുകളും അടച്ചിട്ടു. സെക്രട്ടേറിയറ്റിന്‍റെ മുഖ്യകവാടമായ കന്‍റോണ്‍മെന്‍റ് ഗേറ്റിലെ കാഴ്ചകള്‍ ഇങ്ങനെ, റോഡുകളില്‍ തിരക്കൊഴിഞ്ഞു. വാഹന പരിശോധനക്കായി പൊലീസ് മാത്രം സെക്രട്ടേറിയറ്റിനു മുന്നില്‍.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് ഓഫിസ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറ്റി. മുഴുവൻ മന്ത്രിമാരും അവരുടെ ഔദ്യോഗിക വസതികളിലേക്ക് ഓഫിസുകള്‍ മാറ്റുന്നതും ഇതാദ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളാര്‍ സമരത്തില്‍ പോലും സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നില്ല. പക്ഷേ കൊറോണ പേടിയില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം നിര്‍ത്തുന്നു എന്നത് കൊവിഡ് 19 തലസ്ഥാനത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയതിനു തെളിവാണ്.