തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിദഗ്‌ധർ പഠനങ്ങൾ നടത്തുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
കൊച്ചുകുട്ടികൾക്ക് പ്രത്യേക കരുതൽ വേണം. വിദ്യാഭ്യാസ വകുപ്പിൻ്റെ മാത്രം തീരുമാനത്തിൽ സ്‌കൂൾ തുറക്കാനാവില്ല. വിദ്യാഭ്യാസ, തദ്ദേശ, ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് തീരുമാനിക്കുക. അതേസമയം സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ വൈകാതെ തന്നെ സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്നൊരുക്കം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.