തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനായി ഗതാഗത മന്ത്രിയുമായി നാളെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. പുതിയ ബസ് വാങ്ങാന്‍ പിടിഎകള്‍ക്ക് ജനങ്ങളുടെ സഹായം തേടാം. അധ്യാപക സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും.
എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം മുന്നോട്ട് വച്ചത്. കുട്ടികള്‍ക്ക് മാത്രമായി കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്‌കൂള്‍ തുറന്നാലും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.