തിരുവനന്തപുരം: യുവ എഴുത്തുകാരി സെറ മറിയം ബിന്നി ഓൺലൈൻ പഠനത്തിരക്കിനിടയിലും കഥകൾ വായിച്ച് റെക്കോഡ് ചെയ്യുകയാണ്. കാഴ്ചപരിമിതരുടെ കാതുകളിലേക്ക് കഥകളെത്തിക്കാനുള്ള ശ്രമമാണ് കൊവിഡ് കാലത്തെ നന്മയുടെ വേറിട്ട ഈ ശബ്ദം. മറ്റുള്ളവരുടെ കണ്ണുകളിലൂടെയും കാതുകളിലൂടെയും മാത്രം ഈ ലോകത്തെ അറിയുന്ന കാഴ്ചപരിമിതർക്കായി ആയിരം കഥകളാണ് ലോക്ക് ഡൗൺ കാലത്ത് സാഹിത്യ സംഘടനയായ സാഹിതിയുടെ നേതൃത്വത്തിൽ റെക്കോഡ് ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായാണ് സെറയും കഥകള്‍ റെക്കോഡ് ചെയ്യുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് വ്യത്യസ്ഥ ശബ്ദങ്ങളിൽ കഥകൾ സാഹിതിയുടെ വാട്സാപ്പ് കഥക്കൂട്ടായ്മയിലേക്കെത്തുന്നുണ്ട്. സാഹിതി ഈ കഥകൾ കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡിന്‍റെ നേതൃത്വത്തിലുള്ള അധ്യാപക ഫോറത്തിന്‍റെ വോയ്‌സ് ബാങ്കിലേക്ക് അയച്ച് കൊടുക്കും. കമ്പ്യൂട്ടറിലും മൊബൈലിലും പെൻഡ്രൈവിലുമൊക്കെയായി സൂക്ഷിച്ച് വെച്ച് ഈ കഥകളിലൂടെയാണ് കാഴ്ച പരിമിതർ പുതിയ ലോകങ്ങൾ കാണുന്നത്. അഞ്ഞൂറിലധികം കഥകൾ ഇത്തരത്തിൽ സാഹിതി തയാറാക്കി കഴിഞ്ഞു. മലയാളത്തിലെ പ്രസിദ്ധമായ രചനകൾ മുതൽ വിശ്വോത്തര കൃതികൾ വരെ ഇക്കൂട്ടത്തിലുണ്ട്. സാഹിതിയിൽ അംഗങ്ങളായ അധ്യാപകരും കുട്ടികളുമൊക്കെ കഥകൾ റെക്കോർഡ് ചെയ്ത് അയക്കുന്നുണ്ട്. 9447661834 എന്ന നമ്പറിലേക്ക് കഥകൾ വാട്‌സ്ആപ് വഴി ആർക്കും അയക്കാം.