തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. മിഥുനമാസ പൂജകൾക്കായി ഞായറാഴ്ചയാണ് നട തുറക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന ഭക്തരുടെ പ്രവേശനം ആരംഭിക്കാൻ ദേവസ്വം ബോർഡിന് സർക്കാർ അനുമതി നൽകിയിരുന്നു.
മണിക്കൂറിൽ 200 പേർക്കാണ് പമ്പയിൽ നിന്ന് മല കയറാൻ അനുമതി. സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. ഒരേ സമയം 50 പേർക്ക് ദർശനത്തിനാണ് വെർച്വൽ ക്യൂ വഴി അനുമതി നൽകുക. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിങ് നടത്തും. ഭക്തർ നിർബന്ധമായും മാസ്‌ക്ക് ധരിക്കണം. വി.ഐ.പി ദർശനമില്ല. അന്നദാന സൗകര്യവും പമ്പ വരെ സ്വകാര്യ വാഹനങ്ങൾ അനുവദിക്കുകയും ചെയ്യും. അപ്പം, അരവണ എന്നിവ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ വാങ്ങാൻ കഴിയൂ. 10 വയസിനും 65 വയസിനും ഇടയിലുള്ളവർക്ക് മാത്രമാണ് പ്രവേശനം. അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തർ ബുക്ക് ചെയ്യുമ്പോൾ തന്നെ കൊവിഡില്ലെന്ന പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ശബരിമലയിൽ ജൂൺ 19 നാണ് ഉത്സവം ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കൊടിയേറ്റും ആറാട്ടും ആചാര ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം.