തിരുവനന്തപുരം: അന്വേഷണ ഏജൻസികൾ കേന്ദ്രമന്ത്രിമാരുടേയും ബിജെപി നേതാക്കളുടേയും ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. അവർ നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആർക്കെതിരെയെല്ലാം കേസെടുക്കണമെന്ന് തീരുമാനിക്കുന്നത്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ഇതിനായി അന്വേഷണ വിവരങ്ങൾ ചോർത്തി നൽകുകയാണ്. ഇത് നിയമ വിരുദ്ധമാണ്. തെറ്റ് ചെയ്തത് ആരായാലും അവരെ സിപിഎം സംരക്ഷിക്കില്ല. ബിനീഷ് കോടിയേരി തെറ്റു ചെയ്‌താൽ അയാൾ ഉത്തരം പറയണം. കുറ്റം ചെയ്തെങ്കിൽ തെളിവ് ഹാജരാക്കി ശിക്ഷിക്കപ്പെടട്ടെ.
ഇപ്പോൾ പുറത്ത് വരുന്നത് അന്വേഷണ ഏജൻസി ചോർത്തി നൽകുന്ന വാർത്തകൾ മാത്രമാണ്. കോടിയേരി ബാലകൃഷ്ണന്‍റെ മകൻ എന്ന ബന്ധം മാത്രമേ ബിനീഷിന് പാർട്ടിയുമായുള്ളൂ. ശിവശങ്കറിന്‍റെ ഭാഗത്ത് തെറ്റ് കണ്ടപ്പോൾ മാറ്റി നിർത്തി. അതു തന്നെയാണ് പാർട്ടി നിലപാട്. പാർട്ടി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വീഴ്ചകൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കും. എന്നാൽ സമൂഹത്തിന്‍റെ സ്വാധീനം കുടുംബത്തിലും ഉണ്ടാകും. അത്തരത്തിൽ വീഴ്ചയുണ്ടായാൽ തിരുത്തും. കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അപകടകരമായ സഖ്യത്തിലാണ്. മുഖമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ദുരുദ്ദേശപരമാണ്. ശരിയായ കാര്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ സമരങ്ങളെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.