തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന്‍റെ അംഗീകാരമില്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത് സ്പ്രിംഗ്‌ളര്‍ മാതൃകയിലുള്ള തട്ടിപ്പു ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭൂമി ഏറ്റെടുക്കലിന് പുറം കരാര്‍ നല്‍കാന്‍ തീരുമാനിച്ചത് അഴിമതിക്ക് കളമൊരുക്കാനാണ്. വിദേശത്തു വിലക്കുള്ള സിസ്ട്ര എന്ന കമ്പനിയെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍റാക്കിയത് കമ്മിഷന്‍ തട്ടാനാണെന്നും ചെന്നിത്തല ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ ലൈറ്റ് മെട്രോ പദ്ധതിയും ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം കൊണ്ടു വന്ന് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഈ പദ്ധതിക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ്. ഈ പദ്ധതിക്ക് സര്‍ക്കാര്‍ എങ്ങനെ പണം കണ്ടെത്തുമെന്ന് വ്യക്തമാക്കണം. കേന്ദ്രം അംഗീകാരം നല്‍കാത്ത ഒരു പദ്ധതിക്ക് എങ്ങനെ വിദേശ വായ്പ ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.