തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി തൽസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള അവഹേളനം എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് പ്രിവിലേജ് കിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണ് സുപ്രീം കോടതി വിധി. കേസ് പിൻവലിക്കാൻ സർക്കാർ നടത്തിയ നടപടികൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ നാലുവർഷമായി സർക്കാർ വിവിധ കോടതികളിൽ നടത്തിയ ശ്രമങ്ങളാണ് ഇല്ലാതായത്. വിദ്യാഭ്യാസ മന്ത്രിയായി ശിവൻകുട്ടി തുടരുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കമാണ്. വിചാരണ നേരിടുന്നത് വരെ അദ്ദേഹം മാറിനിൽക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭ കയ്യാങ്കളി കേസിൽ തടസ ഹർജിയുമായി ചെന്നിത്തലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബുധനാഴ്‌ചയാണ് നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.