തിരുവനന്തപുരം: ബെവ്കോ ക്യൂ ആപ്പിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് നിർമ്മിക്കാൻ സിപിഎമ്മുമായി അടുത്ത ബന്ധമുള്ള സഹയാത്രികൻ നേതൃത്വം നൽകുന്ന കമ്പനിക്ക് നൽകിയത് വഴി വൻ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. കൊവിഡിന്‍റെ മറവിൽ മറ്റൊരു അഴിമതിക്ക് കളമൊരുക്കുന്നു. ഒരു ടോക്കണ് 50 പൈസ വീതം നൽകുക വഴി പ്രതിമാസം മൂന്ന് കോടി രൂപ വരെ കിട്ടാവുന്ന സൗകര്യമാണ് കമ്പനിക്ക് ഒരുക്കി നൽകുന്നത്.
സി ഡിറ്റിനോ ഐ.റ്റി മിഷനോ ചെയ്യാവുന്ന കാര്യം അവരെ മാറ്റി നിർത്തി പുറത്തു നിന്നുള്ള കമ്പനിയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമാണ്. ഇടപാടിൽ സമഗ്ര അന്വേഷണം വേണം. ഫെയർ കോഡിനെ തെരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ്. ആപ്പ് വൈകുന്നത് പരിചയമില്ലാത്ത കമ്പനിയെ ഏൽപ്പിച്ചത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഡേറ്റ നശിപ്പിച്ചുവെന്ന സ്പ്രിംഗ്ലറിന്‍റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നെന്നും ചെന്നിത്തല പറഞ്ഞു. അവർ ഡേറ്റ നശിപ്പിച്ചു എന്നതിന് എന്ത് തെളിവാണുള്ളത്. ഇക്കാര്യത്തിൽ ഓഡിറ്റ് വേണം. സ്പ്രിംഗ്ലറും സർക്കാരും ചേർന്ന് കോടതിയെയും ജനങ്ങളെയും കബളിപ്പിക്കുകയാണ്. സ്പ്രിംഗ്ലറിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു