തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികളിലെ കാലതാമസം പരിഹരിക്കാൻ വർക്കിങ് കലണ്ടർ പരിഗണനയിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ. ധന വകുപ്പുമായി ചർച്ച നടത്തുമെന്നും വിവിധ വകുപ്പുകളുടെ നിർദേശം കൂടി കണക്കിലെടുത്ത് പൂർത്തിയാക്കുമെന്നും പി എ മുഹമ്മദ് റിയാസ് സഭയിൽ അറിയിച്ചു. അധികം വൈകാതെ വർക്കിങ് കലണ്ടർ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 991 പേർ ഓൺലൈൻ വഴി ബുക്കിങ് നടത്തി. 576926 രൂപയാണ് ഇക്കാലയളവിലെ വരുമാനം. പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തുന്ന പ്രോജക്‌ട് മാനേജ്മെൻ്റ് സിസ്റ്റം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങൾക്കും ജനപ്രതിനിധികൾക്കും അറിയാനുള്ള സംവിധാനമാണിത്. കരാറുകാർക്കും ജനങ്ങൾക്കും ഈ സംവിധാനത്തിൽ പ്രശ്‌നങ്ങളും പരാതികളും റിപ്പോർട്ടു ചെയ്യാം. നിർമാണം കഴിഞ്ഞ റോഡ് വെട്ടിപ്പൊളിക്കുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം സാങ്കേതികവിദ്യയിലൂടെ നടപ്പാക്കണം. ഇതിനായി പോർട്ടൽ തുടങ്ങുന്നത് ആലോചനയിലാണ്. റോഡ് പൊളിക്കുന്നവർ തന്നെ അത് പൂർവ സ്ഥിതിയിലാക്കണമെന്ന് നേരത്തെ തന്നെ ഉത്തരവുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
READ MORE: കാലാവസ്ഥ വ്യതിയാനം; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം