തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഉദ്യോഗാർഥികളെ ശത്രുക്കളെ പോലെയല്ല മക്കളെ പോലെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. വിഷയത്തില്‍ നിയമസഭയിൽ നടന്നത് വിശദമായ ചർച്ച.
പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി
ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുമ്പോഴാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മൂന്ന് വർഷം വരെയാണ് ഒരു ലിസ്റ്റിന് കാലാവധിയുള്ളത്. ഇപ്പോൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ ഒരിക്കൽ നീട്ടിയതാണ്. കൂടാതെ പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്‌ത് നിയമനം നൽകുകയും ചെയ്‌തിട്ടുണ്ട്.
പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള കൊവിഡ് വ്യാപനം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുന്ന തീരുമാനം എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ
ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് നീട്ടിയാൽ ആരുടെയും അവസരം നഷ്ടമാകില്ലെന്നും പുതിയ ലിസ്റ്റ് വരാൻ മാസങ്ങൾ സമയമെടുക്കുമെന്നും പ്രതിപക്ഷത്തുനിന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ പറഞ്ഞു.
കൊവിഡിന്‍റെ കെട്ട കാലത്ത് സഹാനുഭൂതിയോടുള്ള സമീപനം വേണമെന്നും സമരം ചെയ്‌തതിന്‍റെ പേരിൽ ഉദ്യോഗാർഥികളോട് പ്രതികാര ബുദ്ധിയോടെ പെരുമാറാതെ അവരെ മക്കളെ പോലെ കാണണണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
READ MORE: മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ; രാജി ബാനർ മാറ്റണമെന്ന് സ്‌പീക്കർ