തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിനെ കോടതിയിൽ നിയമപരമായി തന്നെ നേരിടും. കേസിൽ പ്രതിയായതു കൊണ്ട് മാത്രം ഒരാൾ മന്ത്രിയാകാൻ പാടില്ല എന്ന നില യുഡിഎഫിന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. അത്തരം ഒരു നിലപാട് പൊതുവിൽ നാട് അംഗീകരിച്ചിട്ടില്ല.
സുപ്രീംകോടതി വിധി സർക്കാർ കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടാണ്. വിചാരണ അതിന്‍റെ വഴിക്ക് നടക്കും. സുപ്രീംകോടതി വിധി അന്തിമമാണ്, അതിനെ അനുസരിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് താൻ ഇന്നലെ പറഞ്ഞത്. അതിനെ വക്രീകരിച്ച് സർക്കാർ സുപ്രീംകോടതി വിധിക്കെതിരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിയമസഭയിലെ പ്രശ്‌നം നിയമസഭയുടെ ഭാഗമായി പരിഹാരം കാണാതെ പൊലീസിനെ ഏൽപ്പിച്ച യുഡിഎഫ് സർക്കാരിന്‍റെ നിലപാട് തെറ്റാണെന്നാണ് താൻ പറഞ്ഞത്. പറഞ്ഞതില്‍ തന്നെ ഉറച്ചു നിൽക്കുന്നു. അത് സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യൽ അല്ലെന്ന് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Also read: നിയമസഭ കേസ് കോടതിയിലെത്തിച്ച യുഡിഎഫ് നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി