തിരുവനന്തപുരം : മന്ത്രി പി രാജീവിന്‍റെ നിര്‍ദേശ പ്രകാരമാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു തനിക്കെതിരെ നിരന്തരം വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി പി രാജീവിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ആര്‍.വി ബാബുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു. നിയമസഭ സമ്മേളനങ്ങളില്‍ ഒട്ടുമിക്ക സിപിഎം അംഗങ്ങളും പ്രതിപക്ഷ നേതാവിനെതിരെ സംസാരിക്കുന്നു.
ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് മന്ത്രി പി രാജീവാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം പി രാജീവിന് ഷോക്കായി, അത് ഒരു ഈഗോ പ്രശ്‌നമായാണ് എടുത്തിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മന്ത്രി നടത്തുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ല : ആര്‍.വി ബാബു എല്ലാ ദിവസവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയില്ല. താന്‍ ഒരു ആര്‍എസ്എസ് പരിപാടിയിലും പങ്കെടുത്തിട്ടില്ല. വിവേകാനന്ദ വേദിയില്‍ താന്‍ പ്രസംഗിച്ചത് ഹിന്ദുവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസമാണെന്ന് നേരത്തേ വ്യക്തമാക്കിയതാണ്.
ആ പരിപാടിയില്‍ ഗോള്‍വാള്‍ക്കറുടെ ചിത്രമുണ്ടായിരുന്നോ എന്ന് തനിക്കറിയില്ല. ഇക്കാര്യത്തില്‍ താന്‍ പറയുന്നതല്ല, ആര്‍എസ്എസ് നേതാക്കള്‍ പറയുന്നതാണ് കൈരളിക്കും ദേശാഭിമാനിക്കും വിശ്വാസം. ജനം ടിവി പോലും പൂര്‍ണമായി ലൈവ് നല്‍കാതിരുന്ന ആര്‍.വി ബാബുവിന്‍റെ വാര്‍ത്താസമ്മേളനം ഒരു മണിക്കൂറിലധികം പൂര്‍ണമായി ലൈവ് നല്‍കിയ ഏക ചാനല്‍ കൈരളി മാത്രമാണ്.
തന്‍റെ പത്ര സമ്മേളനത്തിലേക്ക് അഞ്ചും ആറും റിപ്പോര്‍ട്ടര്‍മാരെ അയക്കുന്ന കൈരളിയും ദേശാഭിമാനിയും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ ബിജെപിക്കെതിരെ ഒരു ചോദ്യവും ഉന്നയിക്കാതിരുന്നത് എന്ത് കൊണ്ടെന്നും സതീശന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് പരസ്യമായി പറഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി എസ് ജയശങ്കറെ വിമര്‍ശിച്ചത്. അതല്ലാതെ ബിജെപിക്കാരായ കേന്ദ്രമന്ത്രിമാരെയോ പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രി വിമര്‍ശിക്കാറില്ലെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.