തിരുവനന്തപുരം: ജില്ല സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിയുൾപ്പെടെ നാല് എംഎൽഎമാർ കൊവിഡ് ബാധിതരായിട്ടും സിപിഎം വാശിയോടെ സമ്മേളനവുമായി മുന്നോട്ട് പോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎമ്മിന് താല്‍പര്യം സമ്മേളനവും അവരുടെ രാഷ്‌ടീയ താത്പര്യങ്ങളും മാത്രമാണ്.
ജനങ്ങളുടെ ജീവനെ വിധിക്ക് വിട്ട് കൊടുക്കുകയാണ്. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ സ്‌കൂളുകൾ പോലും അടയ്ക്കുന്നില്ല. സമ്മേളനവും തിരുവാതിരയും നടത്തിയ ശേഷം ജാഗ്രത കാണിക്കണമെന്ന് ജനങ്ങളോട് പറയുന്നത് അപഹാസ്യമാണ്.
ജനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് പറയുന്ന മന്ത്രിമാർ തന്നെ സമ്മേളനങ്ങളിൽ പങ്കെടുക്കുകയാണ്. കൊവിഡ് നേരിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. മരുന്ന് പോലും ഇല്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also read: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും