തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ നിര്‍ണയിക്കുന്നതിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍. പഞ്ചായത്തുകളിൽ വാർഡ് തലത്തിലും നഗരസഭകളിൽ സബ് വാർഡ് തലത്തിലുമായിരിക്കും കണ്ടെയ്ൻമെന്‍റ് സോൺ തീരുമാനിക്കുക. ഓരോ ദിവസവും രാത്രി 12ന് മുമ്പ് കണ്ടെയ്ൻമെന്‍റ് സോൺ വിജ്ഞാപനം ചെയ്യും. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യമനുസരിച്ച് കണ്ടെയ്ൻമെന്‍റ് സോൺ തീരുമാനിക്കും.
ഒരു വാർഡിൽ ഒരാൾക്ക് പ്രാദേശിക സമ്പർക്കം വഴി രോഗം സ്ഥിരീകരിക്കുക, വീടുകളിൽ നിരീക്ഷണത്തിലുള്ള രണ്ടു പേർക്ക് രോഗം സ്ഥിരീകരിക്കുക, പ്രാഥമിക സമ്പർക്കത്തിലുള്ള പത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിലാവുക, 25ൽ കൂടുതൽ പേർ സെക്കൻഡറി സമ്പർക്കത്തിലൂടെ നിരീക്ഷണത്തിലാവുക തുടങ്ങിയ സാഹചര്യങ്ങളിൽ വാർഡിനെ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാർഡിലോ, ചന്ത, തുറമുഖം , ഷോപ്പിങ് മാൾ, സ്ട്രീറ്റ്, താമസപ്രദേശം എന്നിവിടങ്ങളിലോ ഉണ്ടായാൽ കണ്ടെയ്ൻമെന്‍റ് സോണായി കണക്കാക്കും. വാർഡുകളിൽ 50 ശതമാനത്തിൽ കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകളുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ റെഡ് കളർ കോഡഡ് ആകും. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തി നിരീക്ഷണത്തിലുള്ളയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ വീടും നിശ്ചിത ചുറ്റളവിലുളള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.