തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മുതലാണ് ഉത്തരവ് നിലവില്‍ വന്നത്. ആദ്യ ദിനമായതിനാല്‍ ഇന്നലെ കര്‍ശന നടപടികള്‍ അധികൃതര്‍ എടുത്തില്ല. ബോധവത്കരണമാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇന്നു മുതല്‍ കര്‍ശന നടപടിയും പിഴ ചുമത്തലുമുണ്ടാകും.
പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഇരട്ടിയാകും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാനും നിയമത്തില്‍ നിര്‍ദേശമുണ്ട്. രണ്ടില്‍ കൂടുതല്‍ തവണ ലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നാല് വയസിനു മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധ കര്‍ശനമാക്കുമ്പോഴും ഹെല്‍മെറ്റ് വേട്ടയുടെ രൂപത്തിലേക്ക് മാറരുതെന്നും നിര്‍ദേശമുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ നിയമം നടപ്പിലാക്കണമെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
എസ്.ഐയുടെ നേതൃത്വത്തില്‍ മാത്രം പരിശോധന നടത്തുക. പരിശോധനക്ക് ലാത്തി ഉപയോഗിക്കരുത്. വാഹനങ്ങള്‍ നിര്‍ത്താതെ പോയാല്‍ പിന്തുടര്‍ന്നുള്ള പരിശോധന വേണ്ട. എല്ലാ പരിശോധനകളും ക്യാമറകളില്‍ പകര്‍ത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. പരിശോധനയുടെ മുഴുവന്‍ ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിക്കാണെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.