തിരുവനന്തപുരം: വെള്ളക്കെട്ടിനെത്തുടർന്ന് ദുരതത്തിലായി കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ മുട്ടത്തറ നിവാസികൾ. ചെറിയ മഴയിൽ പോലും വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. മാലിന്യങ്ങളും വെള്ളത്തിനൊപ്പം പരക്കുന്നതിനാൽ കടുത്ത പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം. ബൈപ്പാസ് യാഥാർത്ഥ്യമായതോടെയാണ് മുട്ടത്തറയിൽ വെള്ളക്കെട്ട് പതിവായത്. അശാസ്ത്രീയമായ റോഡ് നിർമാണവും ഓട നിർമാണവുമാണ് ചെറിയ മഴയിലും വെള്ളം ഉയരാൻ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. തുടർച്ചയായി മഴ പെയ്യുന്നതിനാൽ അറവു മാലിന്യങ്ങൾ ഒഴുകിയെത്തി. കൊതുക് പെരുകുന്നതിനും പകർച്ചവ്യാധികള്‍ പകരുന്നതിനും ഇത് കരണമാകും. അന്തർസംസ്ഥാന പാതയായിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. വെള്ളം ഒഴുക്കിക്കളയാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.