തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിവാദ മരംമുറി (Mullaperiyar tree felling) ഉത്തരവില്‍ സര്‍ക്കാരിനെ (Government Order) പ്രതിക്കൂട്ടിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബേബി ഡാമിലെ (Baby Dam site) മരം മുറിക്കാനുള്ള വകുപ്പ് തല നീക്കം അഞ്ചു മാസം മുമ്പ് തന്നെ തുടങ്ങിയതിന് തെളിവായി ഇ ഫയല്‍ രേഖകള്‍. കഴിഞ്ഞ മെയ് മാസത്തില്‍ ഫയലുകള്‍ വനം വകുപ്പില്‍ നിന്ന് ജലവകുപ്പില്‍ എത്തി. വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ ഫയലുകള്‍ കണ്ടിട്ടുണ്ട്.
അന്തര്‍സംസ്ഥാന തകര്‍ക്കമായതിനാല്‍ തീരുമാനമെടുക്കാന്‍ ജലവിഭവ വകുപ്പിലേക്ക് വനംവകുപ്പ് ഫയല്‍ നല്‍കി. വിഷയത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫയലുകള്‍ കണ്ടില്ലെന്നാണ് മന്ത്രിമാര്‍ വാദിക്കുന്നത്. മരംമുറിയില്‍ നിര്‍ണായക തീരുമാനമെടുത്ത സെപ്‌റ്റംബര്‍ 17ലെ തമിഴ്‌നാട്-കേരള സെക്രട്ടറി തല യോഗത്തിന്‍റെ സംഘാടകര്‍ ജലവിഭവ വകുപ്പായിരുന്നു. ഈ യോഗത്തിലാണ് 15 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് വനം സെക്രട്ടറി തമിഴ്‌നാടിനെ അറിയിച്ചത്.
യോഗം വിജയകരമായി നടത്തിയതിന് ചീഫ് എഞ്ചിനിയര്‍ അലക്‌സ് വര്‍ഗീസിന് ജലവിഭവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗുഡ് സര്‍വീസും നല്‍കി. നയപരമായ തീരുമാനങ്ങള്‍ സെക്രട്ടറിമാര്‍ സര്‍ക്കാരിനെ അറിയിക്കാത്തതിലും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതിനിടെ, മരംമുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിനെ കുറിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയി അന്വേഷണം തുടങ്ങി. അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും അന്വേഷണ പരിധിയിലുണ്ട്.
READ MORE: മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാട്: വിജയരാഘവന്‍