തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. കനത്ത പ്രതിഷേധങ്ങൾക്കിടയിൽ രാത്രി ഒമ്പത് മണിയോടെയാണ് മന്ത്രി മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറത്ത് നിന്ന് പുറപ്പെട്ടത് മുതൽ വഴി നീളെ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. പലയിടത്തും മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
കരുനാഗപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിന് നേരെ യുവമോർച്ച പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. കൊല്ലം പാരിപ്പള്ളിയിൽ വാഹനം കുറുകെയിട്ട് മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തി വീശി. ആറ്റിങ്ങലിലും മംഗലപുരത്തും മന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി ഉയർത്തി. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. ഇവിടെയും പൊലീസ് ലാത്തി വീശി.