തിരുവനന്തപുരം: ബില്ലുകൾ അടയ്‌ക്കുന്നതിലുള്ള കെഎസ്‌ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. 1000 രൂപ വരെയുള്ള ബില്ലുകൾ കൗണ്ടറിൽ അടയ്ക്കാമെന്നാണ് മന്ത്രി അറിയിച്ചത്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്നായിരുന്നു കെഎസ്ഇബി പുറത്തിറക്കിയ ഉത്തരവ്.
ഇത് സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശവും നല്‍കിയിരുന്നു. നിലവിൽ 50 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ഡിജിറ്റൽ മാർഗത്തിലൂടെ ബില്ലടക്കുന്നതെന്നാണ് ഊർജ സെക്രട്ടറിയുടെ നിരീക്ഷണം. ഇതു വർധിപ്പിക്കാനായിരുന്നു ബോർഡിന്‍റെ തീരുമാനം.
കൗണ്ടറിലെത്തുന്ന ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് രീതികളെ പറ്റി ബോധവത്കരണം നൽകാനും സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മൂന്ന് ബില്ലിങ് സർക്കിൾ വരെ പണമായി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു.
ഓൺലൈൻ പേയ്മെന്‍റ് സംവിധാനത്തിലേക്കു മാറാൻ ജനങ്ങൾക്ക് ആറു മാസത്തെ സാവകാശം ലഭിക്കും എന്നായിരുന്നു കെഎസ്ഇബിയുടെ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് തിരുത്തിയാണ് ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്.