തിരുവനന്തപുരം: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. നവംബര്‍ 17ഓടെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ ആൻഡമാന്‍ കടലില്‍ നിലവിലുള്ള ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ ന്യൂനമര്‍ദം ആകാനാണ് സാധ്യത. ഈ ന്യൂനമർദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടും. തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്കന്‍ കേരളത്തില്‍ കൂടിയും കര്‍ണാടക, തമിഴ്‌നാട് വഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ പാത നിലനില്‍ക്കുന്നുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത് രണ്ടു ദിവസം അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.