തിരുവനന്തപുരം : കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ തിരുവല്ലം ടോൾ പ്ലാസയിൽ നാട്ടുകാരുടെ പ്രതിഷേധം. പണിതീരാത്ത റോഡിൽ ടോൾ പിരിവ് നടത്തുന്നുവെന്നും അധിക ചാർജ് ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം - കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തിൽ സമരം.
50 ശതമാനത്തിലേറെ പണി ബാക്കിയുള്ള കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ടോൾ പിരിവിനെതിരെ കോൺഗ്രസാണ് ആദ്യം പ്രതിഷേധം തുടങ്ങിയത്. ഇതേ തുടർന്ന് രണ്ടുതവണ ടോൾ പിരിവ് നിർത്തിവച്ചിരുന്നു.
'പ്രതിഷേധം തുടങ്ങുമ്പോൾ ടോൾ പിരിവ് നിർത്തും'
ടോൾ പിരിവിന്‍റെ ട്രയൽ നടത്താൻ തീരുമാനിച്ച ദിവസം സിപിഎം കൂടി പ്രതിഷേധവുമായി എത്തിയതോടെ തൽക്കാലം ടോൾപിരിവ് ഇല്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
എന്നാൽ പ്രതിഷേധക്കാർ പിന്മാറിയതോടെ വീണ്ടും ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് അനിശ്ചിതകാല സമരവുമായി പ്രതിഷേധക്കാർ വീണ്ടും രംഗത്തെത്തിയത്.
READ MORE: പ്രതിഷേധം ഫലിച്ചു ; കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ടോള്‍ പിരിവ് നിര്‍ത്തി
ടോൾ പിരിവ് സംബന്ധിച്ച കേന്ദ്ര നിലപാടുകൾക്ക് വിരുദ്ധമാണ് കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ ദേശീയപാത അതോറിറ്റി സ്വീകരിക്കുന്ന സമീപനമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമീപത്തെ എട്ട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സൗജന്യ യാത്രയാണ് ഇവർ ആവശ്യപ്പെടുന്നത്.
എൻഎച്ച്എ തീരുമാനം വരുന്നത് വരെ പ്രതിഷേധം
പ്രതിഷേധം തുടങ്ങുമ്പോൾ ടോൾപിരിവ് നിർത്തിവയ്ക്കുകയും പ്രതിഷേധക്കാർ മടങ്ങുമ്പോൾ വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന നിലപാടാണ് കരാറുകാരുടേതെന്നും ആരോപണമുണ്ട്.
ഈ സാഹചര്യത്തിൽ ടോൾ അവസാനിപ്പിച്ച് ദേശീയപാത അതോറിറ്റിയുടെ തീരുമാനം വരും വരെ സമരം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും തീരുമാനം.
READ MORE: കഴക്കൂട്ടം - കാരോട് ടോൾ പ്ലാസയിൽ അമിത ടോള്‍; പ്രതിഷേധം ശക്തം