തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 6 മുതൽ 10 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നലിനെതിരെ പ്രത്യേക കരുതൽ പുലർത്തണം, കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ ശ്രദ്ധിക്കണം, ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും കരുതൽ ഒഴിവാക്കരുതെന്നും ദുരന്ത നിവാരണ വകുപ്പ് ചൂണ്ടിക്കാട്ടി.
കരുതൽ ഇങ്ങനെ : 1. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
2. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളപ്പോൾ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും സമീപത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനുള്ളിൽ തുടരുക. ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതെ ഇരിക്കുക.
3. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക, അവയുടെ സാമീപ്യം ഒഴിവാക്കുക.
4. ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഉപയോഗിക്കാം.
5. കുട്ടികൾ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കരുത്.
6. ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുകയും വാഹനങ്ങൾ പാർക്കുചെയ്യുകയും അരുത്.
7. ഇടിമിന്നലുളളപ്പോൾ വാഹനത്തിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്. കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്‌ടറുകൾ എന്നിവയിലുള്ള യാത്ര ഒഴിവാക്കുക.
8. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ മുറ്റത്തോ ടെറസ്സിലോ പോകരുത്.
9. ഇടിമിന്നലുള്ളപ്പോൾ കുളി ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കരുത്. മിന്നൽ മൂലമുള്ള വൈദ്യുതി പൈപ്പിലൂടെ കടന്നുവന്നേക്കാം.
10. ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ പോകരുത്. കാർമേഘം കണ്ടാൽ മത്സ്യബന്ധനം, ബോട്ടിംഗ് എന്നിവ അവസാനിപ്പിച്ച് അടുത്ത കര പിടിക്കുക. ബോട്ടിന്‍റെ ഡെക്കിൽ നിന്നുള്ള ചൂണ്ടയിടലും വലയെറിയലും വേണ്ട.
11. പട്ടം പറത്തുന്നത് ഒഴിവാക്കുക. മിന്നലുള്ളപ്പോൾ മരക്കൊമ്പിലിരിക്കരുത്.
12. വളർത്തുമൃഗങ്ങളെ ഈ സമയം തുറസ്സായ സ്ഥലത്ത് കെട്ടരുത്. മിന്നലുള്ളപ്പോൾ അവയെ സുരക്ഷിത സ്ഥാനത്ത് കെട്ടാൻ ഓടിയാൽ പോകുന്നയാൾക്ക് മിന്നൽ ഏറ്റേക്കാം.
13. സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ പറ്റാത്ത സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല മുട്ടിനിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.
14. മിന്നലേറ്റാൽ പൊള്ളൽ സംഭവിക്കാം. കാഴ്‌ചയോ കേൾവിയോ നഷ്‌ടമായേക്കാം. ഹൃദയാഘാതം ഉണ്ടാകാം. മിന്നലേറ്റയാളിന്‍റെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഇല്ല. അതിനാൽ പ്രഥമ ശുശ്രുഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡിൽ തന്നെ പ്രഥമശുശ്രൂഷ നൽകുക. ഉടൻ വൈദ്യസഹായം എത്തിക്കുക.
Also read: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തെക്കൻ-മധ്യ കേരളത്തില്‍ മുന്നറിയിപ്പ്