തിരുവനന്തപുരം: എൻഐഎ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്ത് മടങ്ങിയെത്തി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രിയെ എൻ.ഐ.എ വിട്ടയച്ചത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര. അകമ്പടി വാഹനങ്ങളും ഒഴിവാക്കി. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധ സാധ്യത മുന്നിൽ കണ്ടായിരുന്നു നീക്കം.
നേരത്തെ മലപ്പുറത്ത് നിന്ന് തലസ്ഥാനത്തേക്കുള്ള യാത്രയിൽ ഉടനീളം കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. അഞ്ച് മണിയോടെ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ നിന്നും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ മന്ത്രി തന്ത്രപൂർവം മറ്റൊരു കാറിലേക്ക് മാറി കയറുകയായിരുന്നു. ചോദ്യം ചെയ്യലിന് രാവിലെ മന്ത്രി എൻ.ഐ.എ ഓഫിസിൽ എത്തിയതും സ്വകാര്യ വാഹനത്തിലായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ജലീൽ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയത്.