തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡല്‍ഹിയാത്ര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാനെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍. കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഡതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചതില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണം പ്രഹസനമാണെന്ന് വ്യക്തമാണ്. ഇത് സി.പി.എം- ബി.ജെ.പി രഹസ്യ ബാന്ധവത്തിന്‍റെ ഫലമാണ് സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഡല്‍ഹി യാത്രയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. കേരളത്തിന്‍റെ രൂക്ഷമായ കൊവിഡ് സാഹചര്യങ്ങളോ അഗാധമായ സാമ്പത്തിക പ്രതിസന്ധികളോ ഈ കൂടിക്കാഴ്ചയില്‍ ഉന്നയിക്കുന്നതിനു പകരം രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുള്ള കേസുകളാണ് ഇരുവരും സംസാരിച്ചതെന്ന് സംശയമുണ്ടെന്നും സുധാകരൻ ആരോപിച്ചു.
കൊടകരക്കേസില്‍ ബി.ജെ.പിയും സ്വര്‍ണക്കടത്തു കേസില്‍ സി.പി.എമ്മും പ്രതിസ്ഥാനത്തു വന്നതോടെ കേസുകള്‍ ഒതുക്കി തീര്‍ക്കാനുള്ള അന്തര്‍ധാര അണിയറയില്‍ സജീവമാണ്. കേരള സമൂഹത്തിനു മുന്നില്‍ ഇരു പാര്‍ട്ടികളുടെയും മുഖം മൂടി അഴിഞ്ഞു വീണപ്പോഴാണ് മുഖ്യമന്ത്രി അടിയന്തര ഡല്‍ഹിയാത്ര നടത്തിയത്.
ഇനിയും പലതും പുറത്തു വരാനുണ്ടെന്നും പിടിക്കപ്പെട്ടതിലും വലിയ തുക കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ഗൗരവമുള്ളതാണ്. തെളിവുകള്‍ ഒന്നൊന്നായി പുറത്തു വരുമ്പോള്‍ അന്വേഷണം പ്രഹസനമാകുന്നുവെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
Also Read: 'ഇനി സമരത്തിനില്ല, കടകൾ തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും:' വ്യാപാരി സംഘടനകൾ