തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സംബന്ധിച്ച ഗൂഢാലോചന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും അരുവിക്കര മുന്‍ എംഎല്‍എയുമായ കെ.എസ് ശബരിനാഥന്‍ അറസ്റ്റില്‍. വിമാനത്തിലെ പ്രതിഷേധം ആസൂത്രണം ചെയ്‌തത് ശബരിനാഥനാണെന്ന് തെളിയിക്കുന്ന ഒരു വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്ന്(19.07.2022) 11 മണിയോടെ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫിസിലെത്തിയ ശബരിനാഥനെ ചോദ്യം ചെയ്യല്‍ ആരംഭിക്കും മുന്‍പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്‌തതായി പൊലീസ് സ്ഥിരീകരിച്ചു. ഇക്കാര്യം ശബരിനാഥന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്‌തു. ശബരിനാഥനെ ഉച്ചയോടെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട് യൂത്ത് കോൺഗ്രസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ കെ.എസ് ശബരിനാഥൻ്റെ പേരിൽ വന്ന സന്ദേശത്തിന്‍റെ സ്‌ക്രീൻഷോട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും തുടര്‍ന്നുള്ള അറസ്റ്റും.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് അതിന്‍റെ പേരില്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അതേസമയം, വിമാന യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന്‍റെ പേരില്‍ മൂന്നാഴ്‌ചത്തേക്ക് യാത്ര വിലക്ക് നേരിടുന്ന ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന മറുവാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.