തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ സംസ്ഥാന പൊലീസ് കേസെടുത്തു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനമായ കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡില്‍ ജോലി നേടിയെന്ന പരാതിയിലാണ് കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ നടപടി. സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ് നല്‍കിയ പരാതിയിലാണ് കേസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് വിവാദമുണ്ടായി ഒരാഴ്ചക്ക് ശേഷമാണ് പരാതി നല്‍കാന്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ തയ്യാറായത്.
മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്‌ന പ്രോജക്‌ട് മാനേജരായി ജോലി സമ്പാദിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ എന്‍.ഐ.എ പ്രതി ചേര്‍ത്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന പരാതി ഉയര്‍ന്നത്. സര്‍വകലാശാല തന്നെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമാക്കുകയും ചെയ്തു.