തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്‌ച (21.08.2022) മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്‌ച മുതല്‍ മഴ കൂടുതല്‍ ശക്തമാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കൾ - ചൊവ്വ ദിവസങ്ങളില്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്‌ച കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വടക്ക് ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.