തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശുപത്രികൾക്ക് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്ന രോഗികളെ കൊവിഡ് പോസിറ്റീവായാല്‍ തിരിച്ചയക്കരുതെന്നും ചികിത്സ നിഷേധിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്.
രോഗികൾ കൊവിഡ് പോസിറ്റീവായാലും ചികിത്സിക്കാന്‍ ബാധ്യസ്ഥരെന്നും മന്ത്രി പറഞ്ഞു. ഒപി അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്ക് അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് പരിശോധന മതിയാകും. തുടർ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് ആവശ്യമെങ്കിൽ ടെസ്റ്റ് നടത്താൻ ഡോക്‌ടര്‍ക്ക് നിർദേശം നൽകാം.
എല്ലാ ആശുപത്രിയിലും കൊവിഡ് പോസിറ്റീവായ രോഗികളെ ചികിത്സിക്കാന്‍ പ്രത്യേക ഇടം കണ്ടെത്തണം. രോഗികൾ അഡ്‌മിറ്റ് ആയതിന് ശേഷം പോസിറ്റീവായാല്‍ അതേ ആശുപത്രിയിൽ ചികിത്സ നൽകണം. അടിയന്തര ചികിത്സ ആവശ്യമെങ്കിൽ മാത്രം കൊവിഡ് ഐസിയുവിൽ മാറ്റണം. ആരോഗ്യ പ്രവർത്തകർ കൊവിഡ് മാർഗനിർദേശം പാലിക്കണമെന്നും മന്ത്രി അറിയിച്ചു.