തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2005 ആയി. 814 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1174 ആണ്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ രോഗമുക്തി നേടി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള അഞ്ച് പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍കോട് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീടുകളിലും, 1771 പേര്‍ ആശുപത്രികളിലുമാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. തിങ്കളാഴ്ച ആറ് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 150 ആയി.