തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിയ്ക്കും. ലോകായുക്തയുടെ അധികാരങ്ങള്‍ കുറച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് വിഷയം മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയില്‍ വരുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ സിപിഐ മന്ത്രിമാരുടെ നിലപാട് നിര്‍ണായകമാണ്.
നേരത്തെ ഓര്‍ഡിനന്‍സ് എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു. സിപിഐയുടെ നയങ്ങള്‍ക്ക് എതിരാണ് ഓര്‍ഡിനന്‍സ് എന്നായിരുന്നു വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
വിമര്‍ശനം സംബന്ധിച്ച് സിപിഐയുമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഈ വിഷയത്തിലെ സിപിഎം പ്രതികരണം. എന്നാല്‍ ഇരു പാര്‍ട്ടികളും സംബന്ധിച്ച് ഈ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ എതിര്‍പ്പ് അറിയിയ്ക്കും.
സിപിഐ മന്ത്രിമാര്‍ എതിരഭിപ്രായം പറഞ്ഞാലും മിനിറ്റ്‌സില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പതിവില്ല. ഈ വിഷയം കൂടാതെ കെ റെയില്‍ സര്‍വേക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.
Also read: ഇടതു മുന്നണി യോഗം ഇന്ന്; ബസ് നിരക്ക് വര്‍ധനയില്‍ തീരുമാനമായേക്കും