തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് നാല് വർഷം കഴിഞ്ഞിട്ടും എന്തിനാണ് തുടരന്വേഷണം എന്ന് കോടതി. ഇത്ര നാളും സിബിഐ ഉറങ്ങി കിടക്കുകയായിരുന്നോ എന്നും സിബിഐ കോടതി ചോദിച്ചു. കേസിലെ ഒന്നാം പ്രതി എ.എം.മുഹമ്മദ് അഷറഫ് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോളാണ് സിബിഐ പ്രത്യേക കോടതി ജഡ്‌ജി സനിൽ കുമാർ സിബിഐയെ വിമർശിച്ചത്. എന്നാൽ പത്ത് പേരുടെ മൊബൈൽ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന നടത്തുവാനുണ്ടെന്നും, ഈ കാര്യം കൂടി പരിശോധിക്കുവാൻ വേണ്ടിയാണ് കേസിൽ തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും സിബിഐ കോടതിയില്‍ നൽകിയ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. സിബിഐയുടെ ഈ ആവശ്യമാണ് കോടതിയെ ചൊടിപ്പിച്ചത്.
കടകംപള്ളി വില്ലേജ് പരിധിയിലെ 18 സർവേ നമ്പരുകളിലായുള്ള 44.5 ഏക്കർ സ്ഥലം വ്യാജ തണ്ട പേരിൽ പ്രമാണങ്ങൾ നിർമിച്ച് ഇരുപതോളം അധാരങ്ങൾ ഉണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം നടന്നതായാണ് റവന്യു വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. തണ്ടപ്പേർ രജിസ്റ്ററിലെ 101 S6 എന്ന പേജ് കീറിക്കളഞ്ഞ് 3587 എന്ന നമ്പരിൽ പുതിയ തണ്ടപ്പേര് സൃഷ്ടിക്കുകയായിരുന്നു. ഒന്നര ഏക്കർ സ്ഥലത്തിന് ഇരട്ടപ്പട്ടയം നൽകി പോക്കുവരവ് നടത്തിയതായും കണ്ടെത്തിയിരുന്നത്.
കേസില്‍ 2017 ജൂൺ 6 നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുൻ വില്ലേജ് ഓഫിസർ, ആധാരം എഴുത്തുകാരൻ എന്നിവർ ഉൾപ്പെടെ മൂന്നു പ്രതികളാണ് കേസിലുള്ളത്. വ്യാജരേഖ ചമച്ചതിനും, അഴിമതി നിരോധന നിയമ പ്രകാരവുമാണ് കുറ്റപത്രം. കേസിന്‍റെ തുടർ നടപടികൾ മാർച്ച് നാലിന് വീണ്ടും പരിഗണിക്കും.