തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ കൂടുതൽ പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. 29 പേർക്കാണ് മറ്റിടങ്ങളിൽ നിന്നും കേരളത്തിലെത്തിയതിൽ ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 19 പേർക്കും ഗുജറാത്തിൽ നിന്നെത്തിയ അഞ്ച് പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് പേർക്കും ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നെത്തിയ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കു വീതവും യു.എ.ഇയിൽ നിന്നെത്തിയ 11 പേർക്കും കുവൈറ്റിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ദുബയില്‍ നിന്നെത്തിയ വയനാട് കല്‍പറ്റ സ്വദേശിയാണ്. ഇവര്‍ മെയ് 20 നാണ് ദുബായിയിൽ നിന്നും അര്‍ബുദ ചികിത്സക്കായി കേരളത്തിലെത്തിയത്. വിദേശത്തും നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മലയാളികള്‍ എത്തിത്തുടങ്ങിയ ശേഷം ഇത് മൂന്നാം ദിനമാണ് കൊവിഡ് കേസുകളിൽ വലിയ വർധനവുണ്ടാകുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 157 പേർക്കാണ് ഈ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിലെ വർധനവ് സർക്കാർ പ്രതീക്ഷിച്ചിരുന്നതാണെന്നും പുറത്തു നിന്നെത്തുന്നവർ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.