തിരുവനന്തപുരം: കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നോര്‍ക്ക കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
കാബൂളില്‍ കുടുങ്ങിയ 36 പേരാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോര്‍ക്ക സിഇഒ ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറും മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ വിമാനം ഇന്ത്യയിലെത്തി. അഫ്‌ഗാനിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്ന രണ്ടാമത്തെ വിമാനമാണിത്. നേരത്തെ വ്യോമസേനയുടെ (IAF) C-17 ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനം കാബൂളിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ തിരികെ കൊണ്ടു വന്നിരുന്നു.
അഫ്‌ഗാൻ സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഞായറാഴ്‌ച താലിബാൻ കാബൂളിൽ പ്രവേശിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം പിടിച്ചടക്കിയതിന് ശേഷമായിരുന്നു താലിബാന്‍ കാബൂളിലേക്ക് മുന്നേറിയത്. തുടര്‍ന്ന് തന്ത്രപ്രധാന കേന്ദ്രം വരുതിയിലാക്കി. ഇതോടെയാണ് അധികാര കൈമാറ്റത്തിന് കളമൊരുങ്ങിയത്.
Also read: താലിബാന്‍ സംഘത്തില്‍ മലയാളി സാന്നിധ്യമുണ്ടെന്ന് സംശയം; വീഡിയോ പങ്കുവച്ച് തരൂര്‍