തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ സ്‌കൂളുകളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കൈറ്റും ബിഎസ്‌എന്‍എല്ലും ധാരണയായി. ഇതിനുളള ധാരണാപത്രം മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും ബിഎസ്‌എന്‍എല്‍ കേരള സിജിഎം സി വി വിനോദും കൈമാറി.
ഇതോടെ നിലവിലുളള 8 എംബിപിഎസ് വേഗതയിലുളള ഫൈബര്‍ കണക്ഷനുകള്‍ 100 എംബിപിഎസ് വേഗതയിലുളള ബ്രോഡ് ബാന്‍ഡിലേക്ക് മാറും. പദ്ധതി നടപ്പിലാകുന്നതോടെ ഹൈടെക്ക് സ്‌കൂള്‍ പദ്ധതിയില്‍ ഉൾപ്പെട്ട സംസ്ഥാനത്തെ 4685 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ അതിവേഗ ഇന്‍റർനെറ്റിലേക്ക് മാറും.
പ്രതിവര്‍ഷം നികുതിക്ക് പുറമേ 10,000 രൂപ നിരക്കില്‍ 8 എംബിപിഎസ് വേഗതയില്‍ ബ്രോഡ് ബാന്‍ഡ് നല്‍കാനുളള കരാറില്‍ അധിക തുക ഈടാക്കാതെയാണ് ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ 100 എംബിപിഎസ് അതിവേഗ ഇന്‍റര്‍നെറ്റ് നല്‍കുന്നത്. ഒരു സ്‌കൂളിന് മാസം 3300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം.