തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി കൂടാതെ അറബിക്കടലില്‍ കൂടി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിലാണ് മഴ ശക്തമാവുക. അറബിക്കടലിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറും. ഇതിന്‍റെ പ്രഭാവത്തില്‍ ശക്തമായ മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയോടെ മഴ കൂടുതല്‍ ശക്തമാകും. തിങ്കളാഴ്‌ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Also read: കോഴിക്കോട് ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ
ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.