കോഴിക്കോട്: കോഴിക്കോട് 12 വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ സംസ്ഥാനം വീണ്ടും നിപ ഭീതിയിൽ. 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്‌ത് കേരളത്തിൽ നിന്നും തുടച്ചു നീക്കിയ രോഗം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര സംഘം സംസ്ഥാനത്തെത്തി
സംസ്ഥാനത്ത് കൊവിഡ് കേസുകളും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും നിപ റിപ്പോർട്ട് ചെയ്യുന്നത്. രോഗം റിപ്പോർട്ട് ചെയ്‌ത ചാത്തമംഗലം പഞ്ചായത്തിൽ സംസ്ഥാന കേന്ദ്രസർക്കാരുകളുടെ വിഗദ്‌ധ സംഘം എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. കോഴിക്കോട് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോർജ്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു. അതേ സമയം രണ്ട് പേർ കൂടി രോഗലക്ഷണം കാണിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് ഇതിനകം സംസ്ഥാനത്തെത്തിയത്.
റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്
ഓഗസ്റ്റ് 27നാണ് 12 വയസുകാരന് പനി തുടങ്ങിയത്. തുടർന്ന് പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്‌ച രാവിലെ അഞ്ചോട് കൂടിയാണ് 12 വയസുകാരൻ മരിക്കുന്നത്.
ആരോഗ്യ വകുപ്പ് റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതലുള്ള റൂട്ട്മാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളജിലെ പേ വാർഡ് പൂർണമായും നിപ വാർഡാക്കി മാറ്റിയെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രി വീണ ജോർജ്, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മന്ത്രി എ. കെ ശശീന്ദ്രൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് നിപ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
'മോണോക്ലോണൽ ആന്‍റിബോഡികൾ ഏഴ് ദിവസത്തിനുള്ളിൽ'
സംസ്ഥാന സർക്കാർ മെഡിക്കൽ സൗകര്യങ്ങളും മരുന്നുകളും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ നിന്ന് മോണോക്ലോണൽ ആന്‍റിബോഡികൾ ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഇതിനകം 12കാരനുമായി അടുത്ത ഇടപെട്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരമാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.
മെഡിക്കൽ കോളജിൽ പോയിന്‍റ് ഓഫ് കെയർ ടെസ്റ്റിംഗ് ഫെസിലിറ്റി
കുട്ടിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശത്തെ കണ്ടെയ്‌മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇതിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനോട് കോഴിക്കോട് മെഡിക്കൽ കോളജിൽ പോയിന്‍റ് ഓഫ് കെയർ ടെസ്റ്റിംഗ് ഫെസിലിറ്റി ഒരുക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികൃതർ കോഴിക്കോട് എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽ, വീണ്ടും സാമ്പിൾ പൂനെ എൻഐവിലേക്ക് അയക്കുമെന്നും 12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ഉറപ്പുവരുത്തുമെന്നും പിണറായി പറഞ്ഞു. മെഡിക്കൽ കോളജിലെ നിപ വാർഡിലേക്കായി രണ്ട് പ്രത്യേക നമ്പറുകൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി. കോൺട്രാക്‌സ് ട്രേസിങ് അടക്കമുള്ളവക്കായി 16 സംഘങ്ങളെ സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
read more: നിപ വൈറസ് പ്രതിരോധം : അറിയേണ്ടതെല്ലാം