തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസിൽ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ചിനാണ് സർക്കാർ അനുമതി നൽകിയത്.
ബിനാമി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയിൽ നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. അതേ സമയം ബിനാമി സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി സ്റ്റേ ഉത്തരവ് നിലനിൽക്കുന്നതെന്നും അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നടത്താമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സർക്കാർ അനുമതി നൽകിയത്. അടുത്ത ദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത. ക്രൈംബ്രാഞ്ചാണ് കേസെടുക്കുന്നതെങ്കിലും തുടരന്വേഷണം വിജിലൻസിന് കൈമാറും. മെയ് 30 ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് വീണ്ടും കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്.