തിരുവനന്തപുരം: ഓണക്കാലത്തെ പൂ വില്‍പനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് നിയമസഭക്ക് മുന്നിൽ പൂക്കളമിട്ട് ഒറ്റയാൾ പ്രതിഷേധം. രാവിലെ നിയമസഭ ചേരുന്ന സമയത്താണ് വേറിട്ട പ്രതിഷേധം നടന്നത്. സഭയിലേക്ക് കയറുന്ന കവാടത്തിനു സമീപം ചാണകം മെഴുകി പൂക്കളമിടാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് നേതാവും കാട്ടക്കട മുൻ പഞ്ചായത്തംഗവുമായ ഷാജി ദാസാണ് അറസ്റ്റിലായത്. ഇയാൾ കാട്ടക്കടയിൽ പൂക്കളുടെ വ്യാപാരവും നടത്തുന്നുണ്ട്.
സംസ്ഥാനത്തെ പൂ വ്യാപാരികൾക്ക് വേണ്ടിയാണ് പ്രതിഷേധവുമായെത്തിയതെന്ന് ഷാജി ദാസ് പറഞ്ഞു. ഓണക്കാലത്ത് പൂ വിൽപനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. ഇതിന് പിന്നാലെ നിയമസഭ കവാടത്തിനു മുന്നിലെ പൊലീസ് സുരക്ഷ കർശനമാക്കി.