തിരുവനന്തപുരം: അയൽവാസിയുടെ വാടക വീട്ടിൽ വയോധികയെ തലയ്ക്കടിച്ച് കൊന്ന് തട്ടിൻപുറത്ത് ഒളിപ്പിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്തു. ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ഷീറ്റ് മേഞ്ഞ വീടിന്‍റെ മേൽക്കൂര പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം അടുത്ത വീടിന്‍റെ ടെറസിലേക്ക് മാറ്റിയ ശേഷമാണ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഡിസിപി അംജിത് അശോകന്‍റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
വിഴിഞ്ഞം മുല്ലൂർ സ്വദേശി ശാന്തകുമാരിയെയാണ് അയൽവാസിയുടെ വീട്ടിലെ തട്ടിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിന്‍റെ തട്ടിന് മുകളിൽ ഒളിപ്പിച്ചു.
വെള്ളിയാഴ്‌ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകവിവരം പുറത്ത് അറിയുന്നത്. സംഭവം പുറത്തറിഞ്ഞ് 2 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ കഴക്കൂട്ടത്തുവച്ച് സ്വകാര്യ ബസിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശി റഫീഖ ബീവി, മകൻ ഷഫീഖ്, സുഹൃത്ത് പട്ടാമ്പി സ്വദേശി അൽഅമീൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.