തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. ഗവർണർക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. 'ഗവര്‍ണറുടെ രാഷ്‌ട്രീയക്കളി' എന്ന തലക്കെട്ടിലെത്തിയ ലേഖനത്തില്‍ പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ രാഷ്ടീയ പ്രസ്താവന നടത്തുന്നുവെന്നും, സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കാൻ ശ്രമിക്കുന്നുവെന്നും വിമര്‍ശിക്കുന്നു.
ഗവര്‍ണറുടേത് രാഷ്‌ട്രീയ നിയമനമാണ് . എന്നാല്‍ അതുപോലെയല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ . രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. തന്നെ അറിയിക്കാതെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന ഗവര്‍ണറുടെ വിമര്‍ശനത്തെ പാര്‍ട്ടി പത്രം തള്ളി. എല്ലാ തീരുമാനങ്ങളും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ ഇല്ല. മന്ത്രിസഭ തീരുമാനങ്ങൾ മാത്രമെ അറിയിക്കേണ്ടതുള്ളൂ. ദൈനംദിന കാര്യങ്ങളിൽ ഗവർണർക്ക് ഇടപെടാനാകില്ലെന്നും പാര്‍ട്ടി പത്രം വിമർശനമുയര്‍ത്തി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നതിന് പകരം ഭരണഘടന വിഭാവനം ചെയ്യുംവിധമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാപരമായി സര്‍ക്കാരിനുള്ള അവകാശങ്ങള്‍ നടപ്പാക്കാന്‍ പോലും ഗവര്‍ണറുടെ സമ്മതം വേണമെന്ന പുതിയ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപണമുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജനം സംബന്ധിച്ച വിഷയത്തിലും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുണ്ട്. വാര്‍ഡുവിഭജനം പുനര്‍ക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കില്‍ ഗവര്‍ണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. സഭയുടെ പൂര്‍ണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയില്‍പ്പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഭരണഘടനയുടെ 212ാം അനുച്ഛേദം കൂട്ടിച്ചേര്‍ത്താണ് പാര്‍ട്ടി പത്രത്തിന്‍റെ വിമര്‍ശനം.