തിരുവനന്തപുരം: സംസ്ഥാന പൊലീസ് കേഡറിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരായ എ. ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്നു. ഇരുവരും വ്യത്യസ്ത പ്രവര്‍ത്തന ശൈലി കൊണ്ട് വാര്‍ത്താ മാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നവര്‍. പൊലീസില്‍ പരിഷ്കരണത്തിന്‍റെ മുഖമായിരുന്നു എ.ഹേമചന്ദ്രന്‍. ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച് വാര്‍ത്തകളിലിടം നേടിയ ഉദ്യോഗസ്ഥനും.
1986 ബാച്ച് ഐ.പി.എസുകാരനായ എ.ഹേമചന്ദ്രന്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ രൂപീകരിച്ച പൊലീസ് മാന്വല്‍ പരിഷ്‌കരണ സമിതി അധ്യക്ഷനായിരുന്നു. തിരുവനന്തപുരം റേഞ്ച് ഐ.ജി, ദക്ഷിണ മേഖല എ.ഡി.ജി.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഹേമചന്ദ്രന്‍ കേരളത്തെ പിടിച്ചുലച്ച സോളാര്‍ വിവാദം പൊട്ടിപ്പുറപ്പെടുമ്പോള്‍ ദക്ഷിണ മേഖലാ എ.ഡി.ജിപിയായിരുന്നു. പിന്നീട് ഇന്‍റിലിജന്‍സ് മേധാവി, കെ.എസ്.ആര്‍.ടി.സി എം.ഡി നിലകളിലും പ്രവര്‍ത്തിച്ച ശേഷമാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായത്. കൊവിഡ് കാലത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങളിലൂടെ കേരള ഫയര്‍ഫോഴ്‌സിനെ ഒരു ജനകീയ സേനയാക്കിയ ഖ്യാതിയോടെയാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്.
ഡി.ജി.പി സ്ഥാനത്തു നിന്ന് എ.ഡി.ജി.പി സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടതിനിടെയാണ് ജേക്കബ് തോമസ് ഈ മാസം 31ന് വിരമിക്കുന്നത്. നേരത്തേ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന ആരോപണം നേരിട്ട വ്യക്തിയാണ് ജേക്കബ് തോമസ്. പിന്നീട് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥാ പുസ്തകത്തിലൂടെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചു. 2017 ഡിസംബര്‍ മുതല്‍ ഒന്നരവര്‍ഷം വരെ അഴിമതിയുടെ പേരില്‍ പുറത്ത് നിര്‍ത്തപ്പെട്ട് പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിന്‍റെ വിധിയെ തുടര്‍ന്നാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സര്‍വീസില്‍ നിന്നും തരംതാഴ്ത്തപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. തമിഴ്നാട്ടില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. 1987ല്‍ തൊടുപുഴ എ.എസ്.പിയായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പാലക്കാട് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയാണിപ്പോള്‍ ജേക്കബ് തോമസ്.