തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയത്ത് 14 പേരും ഇടുക്കിയില്‍ 9 പേരുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലില്‍ നിന്ന് ആകെ 12 മൃതദേഹങ്ങള്‍ കണ്ടെത്തി. 3 പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്.
ഇന്ന് ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കാവാലിയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട 2 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ALSO READ : കണ്ണീരായി കൂട്ടിക്കല്‍ ; 12 പേരുടെ മൃതദേഹം കണ്ടെത്തി, തിരച്ചില്‍ തുടരുന്നു
ഇടുക്കിയിലെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തുനിന്നും 6 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. നിലവില്‍ 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ മൂന്ന് വയസുകാരനും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.
ജില്ലയില്‍ മറ്റ് മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാല് മന്ത്രിമാരുടെ നേതൃത്വത്തിലാണ് വിവിധ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.